തിരുവനന്തപുരം: അനന്തുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പാതി വില തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. കേസ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി ഡിജിപി ഇന്ന് ഉത്തരവിറക്കും.
ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം. അതേസമയം അനന്ദു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സഹിതം അനന്തുവിനെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.
അഞ്ച് ദിവസം കസ്റ്റഡിയിൽ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ഇയാളുടെ എറണാകുളത്തുള്ള ഫ്ലാറ്റും ഓഫീസുകളും സീൽ ചെയ്ത പോലീസ് വിശദ പരിശോധനയ്ക്കായി സെർച്ച് വാറന്റിനായി കോടതിയിൽ ഇന്ന് അപേക്ഷയും നൽകും.
അനന്തു നൽകിയ മൊഴിയിലെ ആധികാരികത പരിശോധിക്കാൻ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരെ ഒരുമിച്ചിരുത്തി വിവരങ്ങൾ തേടിയാവും അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക.
അനന്തുവിന്റെ പണമിടപാട് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ബാങ്കുകളോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂവാറ്റുപുഴ പോലീസ് അറിയിച്ചു.