മുണ്ടക്കയം: ചെന്നാപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം 5.30 നുണ്ടായ സംഭവത്തിൽ ചെന്നാപ്പാറ കൊമ്പൻപാറയിൽ ഇസ്മയിലിന്റെ ഭാര്യ സോഫിയ(45) ആണ് മരിച്ചത്.
കുളിക്കാനായി സമീപത്തെ അരുവിയിലേക്ക് പോകുന്നതിനിടെയാണ് സോഫിയായെ കാട്ടാന ആക്രമിച്ചത്. ഏറെ നേരം കഴിഞ്ഞും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് പോയപ്പോഴാണ് സോഫിയായെ കാട്ടാന ആക്രമിച്ച നിലയിൽ കണ്ടെത്തിയത്.
വനത്തോട് ചേർന്നു കിടക്കുന്ന മേഖലയാണിത്. ആന ഇപ്പോഴും സ്ഥലത്ത് നിലയുറപ്പിച്ചതിനാൽ മൃതദേഹത്തിന് അടുത്തേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു.
ജില്ലാ കളക്ടർ സ്ഥലത്ത് എത്തി പ്രശ്നത്തിനു പരിഹാരം കാണാതെ മൃതദേഹം എടുപ്പിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധത്തിലാണ്.
ഈ മാസം ഇടുക്കിയിൽ കാട്ടാനയുടെ ആക്രണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഫെബ്രുവരി ആറിന് മറയൂരിലുണ്ടായ ആക്രമണത്തിൽ ചഫക്കാട് കുടി സ്വദേശി വിമലൻ (57) കൊല്ലപ്പെട്ടിരുന്നു.