കൊച്ചി: പകുതി വിലയ്ക്ക് സാധനങ്ങൾ വാങ്ങി നൽകുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പോലീസ് ഞായറാഴ്ച എറണാകുളത്ത് തെളിവെടുപ്പ് നടത്തും. ഹൈക്കോടതി ജംഗ്ഷനിൽ ഇയാൾ താമസിച്ചിരുന്ന രണ്ട് ഫ്ലാറ്റുകളിലും കടവന്ത്രയിൽ അനന്തുകൃഷ്ണന്റെ ഓഫീസായി പ്രവർത്തിച്ച സോഷ്യൽ ബീ വെഞ്ച്വേഴ്സിലുമെത്തിച്ച് തെളിവെടുക്കും.
ശനിയാഴ്ച പ്രതിയുടെ സ്വന്തം നാടായ കുടയത്തൂര്‍, കോളപ്ര, ഏഴാംമൈലിലെ വീടിന് സമീപം, കോളപ്രയിലെ ഓഫീസ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയോരത്ത് ശങ്കരപ്പിള്ളിയില്‍ ഉള്‍പ്പെടെ വാങ്ങിയതും വാങ്ങാന്‍ അഡ്വാന്‍സ് നല്കിയതുമായ സ്ഥലങ്ങള്‍ അനന്തു പോലീസിന് കാണിച്ച് കൊടുത്തു.
മലങ്കര ജലാശയത്തോട് ചേര്‍ന്ന് സിനിമാ ഷൂട്ടിംഗ് ലൊക്കേഷനായി ഉപയോഗിക്കുന്ന സ്ഥലത്തും തെളിവെടുപ്പ് നടത്തി. കോട്ടയം, ഇടുക്കി ജില്ലകളിലായി അഞ്ചിടത്ത് ഭൂമി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളുമായി തെളിവെടുപ്പിന് എത്തിയത്.
അതിനിടെ അനന്തുവിന്റെ വാട്സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചു. രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെന്ന് അനന്തു മൊഴി നൽകിയിരുന്നു. 2023 അവസാനമാരംഭിച്ച സ്കൂട്ടർവിതരണ പദ്ധതിപ്രകാരം ഇനിയും ആയിരക്കണക്കിനാളുകൾക്ക് സ്കൂട്ടർ ലഭിക്കാനുണ്ടെന്നും പോലീസ് കണ്ടെത്തി.
തട്ടിപ്പുകേസിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ഇപ്പോഴുമെത്തുന്നുണ്ട്. എറണാകുളം റൂറൽ ജില്ല, ഇടുക്കി എന്നിവിടങ്ങളിൽ ശനിയാഴ്ചയും പരാതികളെത്തി.