കൊല്ലം: കോര്പ്പറേഷന് ഭരണത്തെച്ചൊല്ലി സിപിഎം - സിപിഐ തര്‍ക്കം രൂക്ഷമാകുന്നു. മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ സിപിഎം പാലിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ നേതാവും ഡെപ്യൂട്ടി മേയറുമായ കൊല്ലം മധു സ്ഥാനം രാജിവച്ചു.
ബുധനാഴ്ച മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് രാജിവയ്ക്കണമായിരുന്നു. എന്നാൽ പ്രസന്ന ഏണസ്റ്റ് രാജിവയ്ക്കാതെ വന്നതോടെ ഡപ്യൂട്ടി മേയർ സ്ഥാനം സിപിഐ ഉപേക്ഷിച്ചത്. ഇതോടൊപ്പം രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും സിപിഐ രാജിവച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സവിത ദേവി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ സജീവ് സോമൻ എന്നിവരും മധുവിനൊപ്പം രാജിവച്ചു. പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു രാജിയെന്ന് ഡെപ്യൂട്ടി മേയറായിരുന്ന കൊല്ലം മധു പറഞ്ഞു.
അഞ്ചാം തീയതി മേയര്‍ രാജിവെച്ചില്ലെങ്കില്‍ സിപിഐയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര് രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് രാജി സമര്‍പ്പിച്ചതെന്ന് കൊല്ലം മധു വ്യക്തമാക്കി.