മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടി-20 അഞ്ചാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇംഗ്ലണ്ടിനെതിരേ 150 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം മറികടക്കാനായി ബാറ്റേന്തിയ ഇംഗ്ലണ്ട് 10.3 ഓവറിൽ 97 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഇന്നത്തെ ജയത്തോടെ പരമ്പര നാല്-ഒന്നിന് ഇന്ത്യ സ്വന്തമാക്കി.
23 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 55 റൺസ് എടുത്ത ഫിലിപ്പ് സാൾട്ട് മാത്രമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ജേക്കോബ് ബെത്ലേയും (10) ഫിലിപ്പ് സാൾട്ടും (55) ഒഴികെ മറ്റ് ഇംഗ്ലണ്ട് താരങ്ങൾ ആരും രണ്ട് അക്കം കണ്ടില്ല.
ഫിലിപ്പ് സാൾട്ട് (55), ബെൻ ഡുക്കെറ്റ് (പൂജ്യം), ജോസ് ബട്ലർ (എഴ്), ഹാരി ബ്രൂക്ക് (രണ്ട്), ലിയാം ലിവിംഗ്സ്റ്റൺ (ഒമ്പത്), ജേക്കോബ് ബെത്ലേ (10), ബ്രൈഡൺ കാർസ് (മൂന്ന്), ജെയമി ഓവർടൺ (ഒന്ന്), ആദിൽ റഷീദ് (ആറ്), മാർക്ക് വൂഡ് (പൂജ്യം) എന്നിങ്ങനെയാണ് സ്കോർ.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് അടിച്ചുകൂട്ടി. അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.
56 പന്തിൽ 135 റൺസ് എടുത്താണ് അഭിഷേക് തിളങ്ങിയത്. 13 പന്തിൽ 30 റൺസ് എടുത്ത ശിവം ധൂബേയും 15 പന്തിൽ 24 റൺസെടുത്ത തിലക് വർമയും ഇന്ത്യയുടെ സ്കോറിന് കരുത്തേകി.