പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ എത്തിച്ച പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം. രോഷാകുലരായ ജനം നെന്മാറ സ്റ്റേഷനിലേക്ക് ഇരച്ച് എത്തുമെന്ന അവസ്ഥ എത്തിയതോടെ പോലീസ് ലാത്തിവീശി.
ചെന്താമരയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പോലീസ് സ്റ്റേഷനു മുന്നിലേക്ക് എത്തിയത്. പോലീസ് ലാത്തി വീശിയതിനു പിന്നാലെ സ്ഥലത്തു നിന്ന് പോയ ജനക്കൂട്ടം വീണ്ടും സംഘടിച്ച് തിരികെ എത്തുകയായിരുന്നു.
പിന്നീട് കൂടുതൽ പോലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രതിയെ ചോദ്യം ചെയ്യാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉടൻ നെന്മാറയിലെത്തും.
പോത്തുണ്ടി മലയിൽ ഒളിച്ചിരുന്ന പ്രതി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പോലീസിന്റെ പിടിയിലായത്. ജാമ്യത്തിൽ ഇറങ്ങിയ പ്രതി സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നതായി ഇയാൾ പോലീസിനു മൊഴി നൽകി.
പോത്തുണ്ടിയിലെ വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിൽ മൊഴി നൽകി.
സജിതയെ കൊലപ്പെടുത്തിയതിലുള്ള പക സുധാകരന് തന്നോട് ഉണ്ടെന്ന് സംശയിച്ചെന്നും സുധാകരൻ തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടർന്നാണ് ഇയാളെയും അമ്മയെയും വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാൾ പറഞ്ഞു.