തിരുവനന്തപുരം: മണിയാർ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നയത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ സബ്മിഷനായാണ് വിഷയം അദ്ദേഹം ഉന്നയിച്ചത്.
കാർബൊറാണ്ടം കമ്പനിയിൽ നിന്ന് പദ്ധതി ഏറ്റെടുക്കാൻ എന്താണ് തടസമെന്ന് ചോദിച്ച ചെന്നിത്തല, വ്യവസായ മന്ത്രിക്കും വൈദ്യുതി മന്ത്രിക്കും രണ്ട് നിലപാടെന്നും കുറ്റപ്പെടുത്തി.
അതേസമയം കരാർ നീട്ടുന്നതിനെ അനുകൂലിച്ചാണ് മുഖ്യമന്ത്രി നിലപാടെടുത്തത്. കാർബൊറാണ്ടം ഉൽപ്പാദിപ്പിക്കുന്നതിൽ അവരുടെ ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മണിയാർ പദ്ധതി മുപ്പത് വർഷം കഴിയുമ്പോ തിരിച്ചെടുക്കണമെന്നാണ് കാർബറാണ്ടമായുള്ള കരാർ വ്യവവസ്ഥ. കാർബൊറാണ്ടം കമ്പനിക്ക് കരാർ നീട്ടി നൽകുന്നത് 12 ഓളം ബിഒടി പദ്ധതികളെ ദോഷകരമായി ബാധിക്കും.
വിഴിഞ്ഞം തുറമുഖ പദ്ധതി കരാറിൽ വരെ ഈ തീരുമാനം സ്വാധീനം ചെലുത്തും. കരാർ നീട്ടൽ തെറ്റായ നയമാണ്. മുന്നൂറോളം കോടിയാണ് കാർബൊറാണ്ടം കമ്പനിയുടെ ലാഭം. എന്തിനാണ് വഴിവിട്ട സഹായം നൽകുന്നതെന്നും ചെന്നിത്തല ചോദിച്ചു.
കെഎസ്ഇബിയും കാർബൊറാണ്ടം കമ്പനിയും തമ്മിലുള്ള കരാർ അനുസരിച്ച് മണിയാർ പദ്ധതി തിരിച്ച് നൽകേണ്ടതാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചു.