പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എ കെ.ബാലന് വിമർശനം. ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ ബാലൻ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു. സ്വന്തം പാർട്ടിയെ അണികൾക്കിടയിൽ ആത്മവിശ്വാസമില്ലാതെ ഇകഴ്ത്തിക്കാട്ടുന്നതായെന്നും വിമർശനമുണ്ട്.
മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മുതിർന്ന സഖാക്കൾ മറന്നു പോവരുതെന്നും സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ വിമർശനമുയർന്നു. നേരത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ചിഹ്നം നഷ്ടമാകുമെന്നും ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിക്കുകയെന്നുമായിരുന്നു ബാലന്റെ പരാമർശം.
സന്ദീപ് വാരിയർ ബിജെപി വിട്ടപ്പോൾ എകെ ബാലൻ നടത്തിയ നടത്തിയ പുകഴ്ത്തൽ പരാമർശം ഉയർത്തിയും രൂക്ഷ വിമർശനമാണ് ജില്ലാ സമ്മേളനത്തിലുയർന്നത്. 'സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും' എന്ന പരാമർശം വെള്ളം തിളയ്ക്കും മുൻപ് അരിയിടുന്നതിന് തുല്യമായെന്നും വിമർശനമുയർന്നു.