ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ പോരാടുക എന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിൽ പോലീസ് കേസെടുത്തു. മോന്‍ജിത് ചോട്യ എന്നയാളുടെ പരാതിയിലാണ് പോലീസ് നടപടി.
രാഹുലിന്റെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പരാതിയില്‍ പറയുന്നു. അസമിലെ ഗുവാഹതിയിലുള്ള പാന്‍ ബസാര്‍ പോലീസാണ് ഭാരതീയ ന്യായ സംഹിത 152, 197(1) വകുപ്പുകൾ പ്രകാരം കേസെടുത്തത്.
കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുക്കുകയാണ്.
നമ്മള് ബിജെപിയുമായും ആര്‍എസ്എസുമായും ഇന്ത്യന്‍ ഭരണകൂടവുമായും പോരാടണമെന്ന് രാഹുൽ പറഞ്ഞത് വൻ വിവാദമായിരുന്നു. ഭരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്ന് ബിജെപി ആരോപിച്ചിരുന്നു.