ടെൽ അവീവ്: ഗാസയിൽ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂർ വൈകിയാണ് ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. പ്രാദേശികസമയം ഇന്നു രാവിലെ 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) വെടിനിർത്തൽ നിലവിൽ വരേണ്ടതായിരുന്നു.
മോചിപ്പിക്കുന്ന ബന്ദികളുടെ പേര് ഹമാസ് പുറത്തുവിട്ടതോടെയാണ് ഇസ്രയേൽ വെടിനിർത്തലിനു തയാറായത്. ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ഇസ്രയേൽ ആരോപിച്ചതോടെയാണ് വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയത്.
വെടിനിർത്തൽ കരാർ വൈകിയതോടെ ഇസ്രയേൽ ഗാസയിൽ ആക്രമണം അഴിച്ചുവിട്ടു. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരുമെന്നും ഐഡിഎഫ് വ്യക്തമാക്കി.
ഇതിനുപിന്നാലെയാണ് ഹമാസ് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക പുറത്തുവിട്ടത്. സാങ്കേതിക പ്രശ്നം കാരണമാണു പട്ടിക കൈമാറാൻ വൈകിയതെന്നാണു ഹമാസിന്റെ പ്രതികരണം.
ഇതോയെ 15 മാസം നീണ്ടുനിന്ന സംഘർഷമാണ് അവസാനിക്കുന്നത്.