ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശർമയാകും 15 അംഗ ടീമിനെ നയിക്കുക. ശുഭ്മാൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടമില്ല.
ഋഷഭ് പന്താണ് ടീമിന്റെ വിക്കറ്റ് കീപ്പർ. ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്ക് മാറിയ മുഹമ്മദ് ഷമിയും ടീമിൽ സ്ഥാനം പിടിച്ചു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ടീമിലും ഷമിയെ ഉൾപ്പെടുത്തിയിരുന്നു.
വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം നടത്തിയ കരുൺ നായരെ ടീമിലേക്ക് അജിത് അഗാർക്കാർ ചെയർമാനായ സെലക്ഷൻ കമ്മിറ്റി പരിഗണിച്ചില്ല. ഓസീസിനെതിരായ ടെസ്റ്റ് പരമ്പര കളിച്ച മുഹമ്മദ് സിറാജിനെയും ഒഴിവാക്കി.
നവംബറിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ സ്പിന്നർ കുൽദീപ് യാദവ് ടീമിലിടം നേടി. യുവതാരം യശസ്വി ജയ്സ്വാളിനെ റിസർവ് ഓപ്പണറായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ജയ്സ്വാൾ ഏകദിന ടീമിൽ സ്ഥാനം പിടിക്കുന്നത്.
ഫെബ്രുവരി 19-നാണ് ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. അതിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ കളിക്കും. ഫെബ്രുവരി ആറ്, ഒൻപത്, 12 തീയതികളിലാണ് ഇംഗ്ലണ്ടിനെതിരായ മത്സരങ്ങൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരേയാണ് ഇന്ത്യ അവസാനമായി ഏകദിന പരമ്പര കളിച്ചത്.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.