കൊച്ചി: വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചനും കെ.കെ.ഗോപിനാഥിനും മുൻകൂർ ജാമ്യം ലഭിച്ചു. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നുമുള്ള ഉപോധികളോടെയാണ് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
കെപിസിസി അധ്യക്ഷന് എഴുതിയ കത്തുകൾ മരണക്കുറിപ്പായി പരിഗണിക്കണമെന്നും ഡയറിക്കുറിപ്പിലും ഫോൺകോളുകളിലും സാമ്പത്തിക ഇടപാടുകൾക്ക് തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസും ഇതിനോട് ബന്ധമുള്ള മൂന്ന് വഞ്ചനാ കേസുകളും ഇനി മുതൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.