കോട്ടയം: സംസ്ഥാന വ്യാപകമായി കാട്ടാനകളും കാട്ടുപോത്ത്, പുലി, കടുവ , കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണങ്ങൾ മൂലം മനുഷ്യ ജീവനുകളും കൃഷികളും വീടുകളും നഷ്ടപ്പെട്ടിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്നതായി കേരള കോൺഗ്രസ് ഡെപ്യുട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എം.പി.
സർക്കാരുകൾ നിസംഗത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളെ ഉൾവനങ്ങളിൽ സംരക്ഷിക്കുന്നതിനും ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണം. ട്രെഞ്ച്, കോൺക്രീറ്റ് ഭിത്തി, സോളാർ വേലി തുടങ്ങിയ സ്ഥാപിക്കണം. കൃഷി നശിപ്പിക്കുന്ന പന്നിക്കൂട്ടത്തെ ഇല്ലായ്മ ചെയ്യാൻ കർഷകർക്ക് അനുവാദം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിളകൾക്കും വീടുകൾക്കുമുള്ള നഷ്ടപരിഹാര തുക ഉയർത്തണം. മരണമടയുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം എത്രയും വേഗം ലഭ്യമാക്കണം.
റബർ, നെൽ കർഷക പ്രശ്നങ്ങൾ പരിഹരിക്കണം. കർഷകക്ഷേമനിധിബോർഡ്പ്രവർത്തനം കാര്യക്ഷമമാക്കി കർഷകർക്ക് 5000 രൂപ പെൻഷൻ ലഭ്യമാക്കണം. 60 വയസ് കഴിഞ്ഞ കർഷക തൊഴിലാളികൾക്ക് നൽകാനുള്ള 2014 മുതലുള്ള അതിവർഷാനുകൂല്യ കുടിശിക കൊടുക്കാൻ കേരള ബജറ്റിൽ 230 കോടി രൂപ നീക്കിവയ്ക്കണമെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.