തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹത്തിൽ അസ്വാഭാവികമായ മുറിവുകളോ പരുക്കുകളോ ഉണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങളാണു പരിശോധിക്കുന്നത്. മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വച്ചു തന്നെ നടത്താൻ സ്ഥലത്ത് സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഫോറൻസിക് സർജൻ അടക്കമുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു.
കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ചുറ്റും കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ കുത്തിനിറച്ച നിലയിലാണ്. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് ജീർണാവസ്ഥയിലുള്ള മൃതദേഹം പുറത്തെടുത്തത്.
കല്ലറയിലെ മൃതദേഹത്തിന്, ഗോപന് സ്വാമിയുമായി സാദൃശ്യമുണ്ടെന്നു പോലീസ് പ്രാഥമികമായി കണ്ടെത്തിയിരുന്നു. ഇതു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തും.