തൃശൂർ: അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാരം ഇന്നുച്ചകഴിഞ്ഞു മൂന്നരയോടെ എറണാകുളം പറവൂർ ചേന്ദമംഗലത്തെ പാലിയത്തു വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
രാവിലെ എട്ടോടെ ചേന്ദമംഗലം പാലിയത്തു തറവാട്ടു ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. യാത്രാമധ്യേ രാവിലെ 8.30ന് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.
അമല ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭൗതികദേഹത്തിൽ ഇന്നലെ രാവിലെ ഒന്‍പതിന് ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ പുഷ്പചക്രം സമർപ്പിച്ചു. ഒന്‍പതരയോടെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ സഹോദരിയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയൽവാസികൾക്കുമൊപ്പം പുലർച്ചെ മുതൽ ആരാധകരും അദ്ദേഹത്തെ ഒരുനോക്ക് കാണാൻ കാത്തുനിന്നിരുന്നു.
മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, എ.കെ. ശശീന്ദ്രൻ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, ഗാനരചയിതാവ് ശ്രീകുമാരൻ തന്പി, ജയരാജ് വാര്യർ, വി.എം. സുധീരൻ എന്നിവരും വീട്ടിലെത്തിയിരുന്നു.
പത്തരയോടെ പൊതുദർശനത്തിനായി സംഗീതനാടക അക്കാദമിയിലേക്ക് കൊണ്ടുപോയി. നൂറുകണക്കിനാളുകളാണ് ഇവിടെ കാത്തുനിന്നിരുന്നത്.