ന്യൂഡൽഹി: ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ.വി. നാരായണനെ നിയമിച്ചു. കന്യാകുമാരി സ്വദേശിയായ അദ്ദേഹം നിലവിൽ എൽപിഎസ്സി മേധാവിയാണ്. നിര്‍ണായക ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നതെന്നും പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ചെയർമാനായ ഡോ.എസ്. സോമനാഥ് ജനുവരി 14ന് വിരമിക്കും. ഇതിനു ശേഷമാകും ഡോ.വി. നാരായണൻ ചെയർമാനായി സ്ഥാനം ഏറ്റെടുക്കുക. സി 25 ക്രയോജനിക് എൻജിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് ഡോ.വി.നാരായണൻ.
വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ നിർണായക ഭാഗമാണ് ഈ എൻജിൻ. ചന്ദ്രയാൻ രണ്ട് ലാൻഡിംഗ് ദൗത്യത്തിന്റെ പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനുമായിരുന്നു അദ്ദേഹം.