ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു. 2015 മുതൽ പ്രധാനമന്ത്രി പദം അലങ്കരിച്ച ട്രൂഡോ സ്വന്തം പാർട്ടിയിലെ സമ്മർദ്ദത്തെത്തുടർന്നാണ് സ്ഥാനം രാജിവച്ചത്.
ലിബറൽ പാർട്ടിയുടെ 153 എംപിമാരിൽ 131 പേർ ട്രൂഡോയ്ക്ക് എതിരായിരുന്നു. പുതിയ പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ അറിയിച്ചു. ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി.
ഒമ്പത് വർഷമായി കാനഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ. തെരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്. ഒക്ടോബർ 20ന് മുൻപാണ് കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്.