ശ്രീഹരിക്കോട്ട: സ്പേസ് ഡോക്കിംഗ് ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സ്വപ്നദൗത്യമായ "സ്പെഡെക്സ്' വിക്ഷേപിച്ചു. രാത്രി 10 മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് "സ്പെഡെക്സ്' വിക്ഷേപിച്ചത്.
പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് സ്പെഡെക്സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ചത്. പേസർ, ടാർജറ്റ് എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളും കൂടിച്ചേരും. ദൗത്യം വിജയിച്ചാൽ സ്പേസ് ഡോക്കിംഗ് സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് സ്പേസ് ഡോക്കിംഗ്. നിലവിൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഡോക്കിംഗ് സംവിധാനം ഉള്ളത്.
ബഹിരാകാശ നിലയം സ്ഥാപിക്കാനും ചന്ദ്രയാൻ 4, ഗഗൻയാൻ ദൗത്യങ്ങളിൽ ഈ ഡോക്കിംഗ് പ്രക്രിയ നിർണായകമാണ്. ഉപഗ്രഹങ്ങള്‍ ജനുവരി 7ന് ബഹിരാകാശത്ത് വെച്ച് കൂടിച്ചേരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് സ്പെഡെക്സ് ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ഉപയോഗിച്ച് ബഹിരാകാശത്തേക്ക് അയച്ചത്.