ബംഗളൂരു: ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് കൂടുതൽ മുതിർന്ന നേതാക്കളെ സംഘടനാ നേതൃപദവിയിലേക്ക് എത്തിച്ച് കോൺഗ്രസിൽ സമഗ്ര അഴിച്ചു പണിവരുന്നു. ബെലഗാമിൽ നടക്കുന്ന കോൺഗ്രസിന്റെ വിശാല പ്രവർത്തക സമിതിയി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
കേരളത്തിനായി പ്രത്യേക ആക്ഷൻ പ്ലാനും യോഗത്തിൽ തയാറാക്കി. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് നീക്കം. കർണാടക മോഡലിൽ വാർ റൂം സജ്ജീകരണങ്ങളോടെയാണ് കേരളത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് കൂടുതൽ നേതാക്കൾക്ക് ഡൽഹിയിൽ തെരഞ്ഞെടുപ്പ് ചുമതല നൽകും. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഹിന്ദി ബെൽറ്റിൽ നിന്നുള്ള നേതാക്കളെ മേഖല തിരിച്ച് ചുമതലപ്പെടുത്തും. 2025 സംഘടനയെ ശക്തിപ്പെടുത്തുന്ന വർഷമായിരിക്കും.
പാർട്ടിയിലെ ഒഴിവുള്ള തസ്തികകൾ നികത്തും. ഉദയ്പൂർ യോഗത്തിലെ തീരുമാനങ്ങൾ പൂർണമായും നടപ്പിലാക്കുക എന്നതും ലക്ഷ്യമാണെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.