മലയാളത്തെ വിസ്മയിപ്പിച്ച മഹാനായ എഴുത്തുകാരന് എം.ടി.വാസുദേവന്‍ നായര്‍ ഇനി ഓര്‍മകളുടെ നാലുകെട്ടില്‍ മയങ്ങും. 1958ലാണ് എംടിയുടെ നാലുകെട്ട് എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ നോവലിന് തന്നെ കേരള സാഹിത്യ പുരസ്കാരം ലഭിച്ചു.
1973ല്‍ ആദ്യമായി സംവിധാനം ചെയ്ത നിര്‍മാല്യം എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കം നേടിയെന്നതും തൊട്ടതെല്ലാം പൊന്നാക്കുക എന്ന പ്രയോഗത്തിന് അദ്ദേഹം അര്‍ഹനാണെന്ന് തെളിയിക്കുന്നതാണ്.
സ്കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ സാഹിത്യരചന തുടങ്ങിയ അദ്ദേഹം 1953ല്‍ മാതൃഭൂമിയുടെ ചെറുകഥാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. 1954ല്‍ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന ചെറുകഥ ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നതോടെ എംടി എന്ന കഥാകൃത്തിനെ മലയാള വായനസമൂഹത്തിന് പരിചിതമായി.
പിന്നീട് "കുട്ട്യേടത്തി', "ഓപ്പോള്' തുടങ്ങിയ ചെറുകഥകള്‍ സ്വന്തമായ ഒരു ഭാഷയും ശൈലിയുമുള്ള കഥാകൃത്ത് എന്ന മേല്‍വിലാസം എംടിക്ക് നേടിക്കൊടുത്തു.
നാലുകെട്ട് എന്ന നോവലാണ് എംടിക്ക് മലയാള സാഹിത്യത്തിന്റെ മുന്‍നിരയില്‍ സ്ഥാനംനേടിക്കൊടുത്തതെന്ന് പറയാം. പിന്നീട് ഭീമനെ കേന്ദ്രകഥാപാത്രമാക്കിയുളള രണ്ടാമൂഴം എന്നും വായിക്കപ്പെടേണ്ട മലയാളകൃതികളുടെ പട്ടികയില്‍ ഇടംപിടിച്ചു.
1977 ല്‍ ഒരു നവംബര്‍ മാസത്തില്‍ മരണം തന്റെ സമീപത്തെത്തി പിന്മാറിയെന്നും അതിനു ശേഷം എഴുതി പൂര്‍ത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നുമാണ് ഇതിഹാസ കൃതി എഴുതിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍ വെളിച്ചവും, വാരാണാസി തുടങ്ങിയവയും അദ്ദേഹത്തിന്റെ പ്രശസ്ത നോവലുകളാണ്.