കോഴിക്കോട്: അഡീഷണൽ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ. കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് നടപടി.
കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയെയാണ് സസ്പെന്റു ചെയ്തത്. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് നടപടിയെടുത്തത്. ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
ജഡ്ജിയുടെ ചേംബറിൽ നടന്ന സംഭവം ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമാണെന്ന് യോഗം വിലയിരുത്തി. കോടതിയിലെ ഓഫീസ് അസിസ്റ്റന്റിനോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതായാണ് പരാതി. നേരത്തെ നടപടിയുടെ ഭാഗമായി ജഡ്ജിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
എന്നാൽ പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് അടിയന്തര യോഗം ചേർന്ന് ജഡ്ജിയെ സസ്പെന്റുചെയ്തത്. സംഭവത്തിൽ ജീവനക്കാരി ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല.