തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എ.വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവന ഒറ്റപ്പെട്ടതാണെന്നാണ് കരുതിയത്. എന്നാൽ സിപിഎം നേതാക്കൾ പിന്തുണച്ചതോടെ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് പാർട്ടി കുടപിടിക്കുന്നുവെന്ന് തെളിഞ്ഞെന്ന് സതീശന് പ്രതികരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ എ.വിജയരാഘവന്റെ പരാമര്‍ശത്തെ പിന്തുണച്ചു. വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്ന പരാമര്‍ശമാണ് സിപിഎം നടത്തിയത്. സിപിഎമ്മിന്റെ ഈ വര്‍ഗീയപ്രീണനനയമാണ് ബിജെപിക്ക് ന്യൂനപക്ഷങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍ വേണ്ടി പ്രേരണയായി മാറിയത്.
വയനാട്ടിലെ മുഴുവന്‍ ജനവിഭാഗവും ഒരുമിച്ച് നിന്നുകൊണ്ടാണ് ജാതിമതവ്യത്യാസമില്ലാതെ, രാഷ്ട്രീയവ്യത്യാസമില്ലാതെ രാഹുലിനെയും പ്രിയങ്കയേയും വിജയിപ്പിച്ചത്. സിപിഎമ്മിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്.
സംഘപരിവാറിനെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് സിപിഎമ്മും പിണറായിയും നടത്തുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജയരാഘവന് സംസാരിച്ചതെന്നും സതീശൻ പറഞ്ഞു.