പാലക്കാട്: സിപിഎം നേതാക്കളുടെ പരസ്പരവിരുദ്ധ നിലപാടുകളും അഭിപ്രായ അനൈക്യവും പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ബാധിച്ചതായി സിപിഐ. ശനിയാഴ്ചനടന്ന ജില്ലാ കൗണ്‍സില്‍യോഗത്തില്‍ സെക്രട്ടറി കെ.പി. സുരേഷ്രാജ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശം.
തെരഞ്ഞെടുപ്പുസമയത്തെങ്കിലും നേതാക്കളുടെ വാക്കുകള്‍ നിയന്ത്രിക്കണമെന്നുള്പ്പെടെയുള്ള അഭിപ്രായങ്ങളുമുയര്‍ന്നു. സിപിഐ പാലക്കാട് മണ്ഡലംകമ്മിറ്റിയുടെയും തെരഞ്ഞെടുപ്പ് കമ്മറ്റിയുടെയും അവലോകനങ്ങള്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇത് വെള്ളിയാഴ്ചനടന്ന ജില്ലാ നിര്‍വാഹകസമിതി ചര്‍ച്ചചെയ്തശേഷമാണ് ജില്ലാകൗണ്‍സിലില്‍ അവതരിപ്പിച്ചത്.
എല്‍ഡിഎഫില്‍ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ പരാജയമുണ്ടായെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ട്രോളി ബാഗും പാതിരാറെയ്ഡും നിശബ്ദപ്രചാരണദിവസം ചില പത്രങ്ങളില്‍വന്ന പരസ്യവുമുള്പ്പെടെ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.
മുഖ്യമന്ത്രി രണ്ടുദിവസം പാലക്കാട്ടെ യോഗങ്ങളില്‍ പങ്കെടുത്തെങ്കിലും കാര്യമായ ആവേശം ഉണ്ടാക്കാനായില്ല. ട്രോളി ബാഗ് വിവാദം യുഡിഎഫിന് ഒരുമിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുത്തുവെന്നും വിമർശനം ഉയർന്നു.