തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
വീടുകൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും. ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അതേസമയം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയാറാക്കിയ പട്ടികയെ ചൊല്ലി വിവാദം ഉയരുന്നതിനിടെ പ്രതികരണവുമായി റവന്യു മന്ത്രി കെ. രാജൻ രംഗത്തെത്തി. നിലവിൽ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.
15 ദിവസത്തിനകം ആക്ഷേപങ്ങൾ അറിയിക്കാം. കരടിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൂർണമായി കേൾക്കും. ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.
അടുത്തയാഴ്ച തന്നെ രണ്ടാംഘട്ടത്തിന്റെ മാർക്ക് ചെയ്യൽ നടക്കും. അതിവേഗത്തിൽ കാര്യങ്ങൾ നടപ്പാക്കും. കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമായ കാര്യമാണ്.
എല്ലാവരെയും ഉൾപ്പെടുത്തലാണ് സർക്കാരിന്റെ ലക്ഷ്യം. ആർക്കും ആശങ്ക വേണ്ട. അർഹത മാത്രമേ മാനദണ്ഡമാകുകയുള്ളൂ. രണ്ടു ഘട്ടത്തിലാണ് പട്ടിക നടപ്പാക്കുന്നത്.
ഒന്നാംഘട്ടവും രണ്ടാംഘട്ടവും രണ്ട് കാറ്റഗറിയാണ്. ഒന്ന് ദുരന്തത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ടവർ. രണ്ട് വീട് നഷ്ടപ്പെട്ടില്ലെങ്കിലും ദുരന്തം ഉണ്ടായതുകൊണ്ട് അങ്ങോട്ട് പോകാൻ കഴിയാത്തവർ. പഞ്ചായത്തിന്റെയും റവന്യൂവിന്റെയും പട്ടിക ചേർത്താണ് കരടു പട്ടിക പുറത്തിറക്കിയതെന്നും അദ്ദേഹം അറിയിച്ചു.