കോട്ടയം: എംസി റോഡിൽ കോട്ടയം പള്ളം മാവിളങ്ങിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ(54) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ആറിന് മാവിളങ്ങ് ജംഗ്ഷനിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. അനീഷയുടെ മരുമകൻ നൗഷാദാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് സംശയം.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അനീഷയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പമുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സാ ആവശ്യത്തിനായി തൃശൂരിലേക്ക് പോകുകയായിരുന്നു സംഘം. ചിങ്ങവനം പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. അനീഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.