ന്യൂഡൽഹി: അംബേദ്കർ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ പ്രസംഗത്തെ കോൺഗ്രസ് വളച്ചൊടിച്ചു. കോൺഗ്രസ് അംബേദ്കർ വിരുദ്ധ പാർട്ടിയാണെന്നും അമിത് ഷാ വിമർശിച്ചു.
ലോക്സഭയിലെ ചർച്ചകളിൽ വിവിധ അഭിപ്രായങ്ങളുണ്ടാകുക സ്വാഭാവികമാണ്. ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടോ പോകുന്ന പാർട്ടിയാണ്. പാർലമെന്റിന് അകത്തും പുറത്തുമുള്ള വ്യാജ ആരോപണങ്ങൾക്കെതിരെ നടപടികളെടുക്കും.
ബി.ആർ.അംബേദ്കറെ അമിത് ഷാ അപമാനിച്ചു എന്ന് ആരോപിച്ചുള്ള കോൺഗ്രസ് ബഹളത്തിൽ ലോക്സഭയും രാജ്യസഭയും സ്തംഭിച്ചിരുന്നു. രാജ്യസഭയിൽ ഇന്നലെ നടത്തിയ പ്രസംഗത്തിലെ അമിത്ഷായുടെ പരാമർശങ്ങൾക്കെതിരെയായിരുന്നു കോൺഗ്രസ് ബഹളം.
അംബേദ്ക്കർ അംബേകദ്ക്കർ എന്ന് പലവട്ടം പറയുന്നത് കോൺഗ്രസിന് ഫാഷനായിരിക്കുകയാണെന്നും ഇത്രയും തവണ ദൈവം എന്നു പറഞ്ഞാൽ മോക്ഷം കിട്ടുമായിരുന്നെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെ കോൺഗ്രസ് രംഗത്ത് എത്തുകയായിരുന്നു.
ഖാർഗെ തന്റെ രാജി ആവശ്യപ്പെടുന്നതിൽ ആനന്ദം കണ്ടെത്തുന്നെങ്കിൽ അത് തുടരട്ടെയെന്നും അമിത് ഷാ പറഞ്ഞു. നെഹ്റുവിന് അംബേദ്കറിനോട് വെറുപ്പായിരുന്നു. നെഹ്റുവിന്റെ പുസ്തകങ്ങളിൽ തന്നെ അത് വ്യക്തമാണ്.
നെഹ്റുവിന്റെയും ഇന്ദിരയുടെയും സഞ്ജയ് ഗാന്ധിയുടെയും സ്മാരകങ്ങൾ നിർമിച്ചവർ അംബേദ്കറിന്റെ സ്മാരകം നിർമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.