ന്യൂഡൽഹി: കലാപ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഏഴു ദിവസത്തെ ജാമ്യമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്.
ജെഎൻയു ഗവേഷക വിദ്യാർഥിയായിരുന്ന ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി 2020 ലാണ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിന് നേതൃത്വം നൽകിയതിന് പിന്നാലെ ഉമർ ഖാലിദിനെതിരെ കലാപ ഗൂഢാലോചനയ്ക്ക് കേസെടുത്തിരുന്നു.
കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നത്.
കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ട് പേരും ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയെന്നും പോലീസ് പറയുന്നു.
2022 മാര്‍ച്ചിൽ സ്ഥിരം ജാമ്യം തേടി ഉമര്‍ ഖാലിദ് നൽകിയ ഹർജി വിചാരണ കോടതി തള്ളിയിരുന്നു. തുടർന്ന് മേയ് 28ന് രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളി. പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.