തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി.
സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ ഉത്തരവിൽ ഡിജിപി ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥൻ ആരാകണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം.
കേസിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റീസ് ബെച്ചു കുര്യൻ ഉത്തരവിട്ടിരുന്നു.
2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
കുറച്ചു നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഭരണഘടനയുടെ ഉദ്ദേശ്യം എന്നായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗത്തിലെ ഭാഗം.