പെർത്ത്: ഓസ്ട്രേലിയായ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാൾ സെഞ്ചുറി നേടി. മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിലവില്‍ 224 ന് ഒന്ന് എന്ന നിലയിലാണ്.
77 റൺസ് നേടിയ കെ.എൽ.രാഹുലിനെ സ്റ്റാർക്ക് പുറത്താക്കി. നിലവിൽ ഇന്ത്യയ്ക്ക് 270 റൺസ് ലീഡായി. ഒന്നാം ഇന്നിംഗ്സിൽ സന്ദർശകർക്ക് 46 റൺസിന്റെ ലീഡാണ് നേടിയത്. സ്കോർ: ഇന്ത്യ 150, ഓസ്ട്രേലിയ 104. ഓപ്പണിംഗ് സഖ്യത്തെ പൊളിക്കാൻ ഓസീസ് നായകൻ പാറ്റ് കമിൻസ് ഏഴ് ബൗളർമാരെയാണ് രംഗത്തിറക്കിയത്.
ഓപ്പണിംഗ് വിക്കറ്റില്‍ 200 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയതോടെ രാഹുൽ - ജയ്സ്വാൾ സഖ്യം ഓസ്ട്രേലിയയില്‍ ഇന്ത്യൻ സഖ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടെന്ന റിക്കാർഡും അടിച്ചെടുത്തു. 1986ല്‍ സിഡ്നിയില്‍ സുനില്‍ ഗവാസ്കറും കൃഷ്മമചാചാരി ശ്രീകാന്തും ചേര്‍ന്ന് നേടിയ 191 റണ്‍സിന്റെ കൂട്ടുകെട്ടാണ് രാഹുല്‍-ജയ്സ്വാള്‍ സഖ്യം മറികടന്നത്.