മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു കേന്ദ്ര ആഭ്യന്ത്രമന്ത്രി.
പ്രതിപക്ഷ നേതാക്കളുടെ ബാഗുകൾ വ്യാപകമായി പരിശോധിക്കുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് അമിത് ഷായുടെ ബാഗുകളും ഹെലികോപ്റ്ററും പരിശോധിച്ചിരിക്കുന്നത്. ഹെലികോപ്റ്ററിനുള്ളിൽ ഉദ്യോഗസ്ഥർ തന്റെ ബാഗുകൾ പരിശോധിക്കുന്നതിന്റെ വീഡിയോ അമിത് ഷാ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നിയമങ്ങളും പാലിക്കുമെന്നും ന്യായമായ തെരഞ്ഞെടുപ്പിലും ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും ബിജെപി വിശ്വസിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലേക്ക് നാമെല്ലാവരും സംഭാവന നൽകുകയും ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യമായി ഇന്ത്യയെ നിലനിർത്തുന്നതിൽ നമ്മുടെ കടമകൾ നിർവഹിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതോടെ വോട്ടർമാരെ ആകർഷിക്കാൻ സമ്മാനങ്ങളും പണവും വിതരണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പതിവായി പരിശോധനകൾ നടത്തുന്നുണ്ട്. ശിവസേന-യുബിടി നേതാവ് ഉദ്ധവ് താക്കറെ തിങ്കളാഴ്ച യവത്മാലിൽ എത്തിയപ്പോൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.