ഷാർജ: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് ഡിസി ബുക്സ് ഉടമ രവി ഡി.സി.
സമൂഹമാധ്യമങ്ങളിൽ പറഞ്ഞതിന് അപ്പുറമൊന്നും പ്രതികരിക്കാനില്ല. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നു. ഡിസി ബുക്സ് ഫെസിലിറ്റേറ്റർ മാത്രമാണെന്നും രവി ഡി.സി ഷാർജ പുസ്തകോത്സവത്തിനിടെ പറഞ്ഞു.
അതേസമയം, ആത്മകഥയുമായി ബന്ധപ്പെട്ട ഇ.പി. ജയരാജന്റെ പരാതി അന്വേഷിക്കാൻ ആഭ്യന്തരവകുപ്പ് കോട്ടയം ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക.
ഗൂഢാലോചന ആരോപിച്ചാണ് ഇ.പിയുടെ പരാതി. പരാതിയിൽ ഡിസി ബുക്സ് ഉൾപ്പെടെ ആരെയും കുറ്റപ്പെടുത്തിയിരുന്നില്ല. ഇ-മെയിലിലൂടെയാണ് ഇ.പി ഡിജിപിക്കു പരാതി നൽകിയത്.
വിവാദത്തിനു പിന്നാലെ കഴിഞ്ഞ ദിവസം തന്നെ ഇ.പി ഡിസി ബുക്സിനു വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അഭിഭാഷകന് കെ. വിശ്വന് മുഖേനയാണ് നോട്ടീസ് അയച്ചത്. സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും തന്റെ കക്ഷിയെ തേജോവധം ചെയ്യാനും ഉദ്ദേശിച്ചാണ് ഡിസി ബുക്സ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നാണ് നോട്ടീസില്‍ പറയുന്നത്.