ന്യൂഡൽഹി: മണിപ്പുരിൽ സംഘർഷം പടരുന്നതിനിടെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽ അഫ്സ്പ പ്രഖ്യാപിച്ചു. സെക്മായ്, ലാംസാംഗ്(ഇംഫാൽ വെസ്റ്റ്), ലാംലായ് (ഇംഫാൽ ഈസ്റ്റ്), ലെയ്മാക്കോംഗ്(കാംഗ്പോക്പി), മൊയ്റാംഗ് (ബിഷ്ണുപുർ), ജിരിബാം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് അഫ്സ്പ പ്രഖ്യാപിച്ചത്.
ഈ ആറ് പോലീസ് സ്റ്റേഷൻ പരിധികളിലുൾപ്പെടെ 19 സ്റ്റേഷൻ പരിധികൾ ഒഴിവാക്കി ഒക്ടോബർ ഒന്നിന് സംസ്ഥാനത്തൊട്ടാകെ സർക്കാർ അഫ്സ്പ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജിരിബാമിലുൾപ്പെടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.
അഫ്സ്പ നിയമപ്രകാരം സുരക്ഷാസേനകൾക്ക് നടപടി സ്വീകരിക്കാനും പൗരന്മാരെ അറസ്റ്റുചെയ്യാനും മുൻകൂർ അനുമതി ആവശ്യമില്ല. സംഘർഷം നിയന്ത്രിക്കാൻ നടപടി കർശനമാക്കുമെന്നും പോലീസ് നിരീക്ഷണം തുടരുമെന്നും അധികൃതർ പറഞ്ഞു.