പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച മുറിയില്‍ പോലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഢാലോചനയാണ് പാലക്കാടുണ്ടായത്. ഇത് സിപിഎം, ബിജെപി നേതാക്കളുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടപ്പെട്ട ബിജെപിയും അവര്‍ക്കെല്ലാ സഹായവും ചെയ്തുകൊടുത്ത സിപിഎം നേതൃത്വവും ജാള്യത മറയ്ക്കാന്‍ വേണ്ടി തയാറാക്കിയ പാതിരാ നാടകമാണ് റെയ്ഡ്. മന്ത്രി എം.ബി. രാജേഷും ഭാര്യ സഹോദരനായ സിപിഎം നേതാവും ബിജെപി നേതാക്കളുടെ അറിവോടെ നടത്തിയതാണ് ഇതിന്റെ തിരക്കഥ.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ പിന്തുണ ഇതിനുണ്ടായിരുന്നു. വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സഹായിച്ചയാളുകളും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ അരങ്ങില്‍ എത്തും മുമ്പ് നാടകം പൊളിഞ്ഞതായി സതീശന് പരിഹസിച്ചു. മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
പോലീസ് വിശദീകരണത്തിലും വെെരുധ്യമുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സാധാരണ നടത്താറുള്ള പരിശോധന എന്നാണ് എസ്പി പ്രതികരിച്ചത്. എന്നാല്‍ മറ്റൊരു പോലീസ് സംഘം പറഞ്ഞത് 12 മുറികള്‍ ലിസ്റ്റ് ചെയ്തുള്ള പരിശോധന എന്നാണ്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നവര്‍ മനസിലാക്കേണ്ടത് ഭരണത്തിന്റെ അവസാന കാലമായി എന്നതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് റെയ്ഡിലൂടെ പോലീസ് ചോദ്യം ചെയ്തത്. പോലീസ് ആദ്യം പോയത് ഷാനിമോളുടെ മുറിയിലാണ്. പിന്നെ പരിശോധിച്ചത് മൂന്നാം നിലയിലുള്ള ബിന്ദു കൃഷ്ണയുടെ മുറിയില്‍. ബിജെപിയുടെ വനിതാ നേതാക്കളുടെ മുറിയില്‍ മുട്ടിയപ്പോള്‍ വനിതാ പോലീസ് ഇല്ലാതെ പരിശോധിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. പോലീസ് പോവുകയും ചെയ്തു. വനിതാ പോലീസ് വന്നിട്ടും അവരുടെ മുറിയില്‍ കയറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലീസ് റെയ്ഡിന് എത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.