പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലെ പോലീസ് പരിശോധന പ്രത്യേകം ലക്ഷ്യം വച്ചാണെന്ന് ഷാഫി പറമ്പിൽ. പോലീസ് പരിശോധന സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണന്നും ഷാഫി ആരോപിച്ചു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും രാഹുൽ വ്യക്തമാക്കി.
എഎസ്പി അശ്വതി ജിജി, ആർഡിഒ, ഡിഡിഒ എന്നിവർ ഹോട്ടലിൽ എത്തിയിട്ടുണ്ട്. ഹോട്ടൽ പൂർണമായും അടച്ച് പരിശോധന നടത്താനാണ് തീരുമാനം. ഷാനിമോൾ ഉസ്മാന്റെ മുറിയിൽ ഇതുവരെയും ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് അറിയിച്ചു. ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് എഴുതി നൽകി.
അതേസമയം, പോലീസ് ബലം പ്രയോഗിച്ച് മുറിയിൽ കയറിയെന്നും വനിതാ പോലീസ് കൂടെയില്ലായിരുന്നുവെന്നും ഷാനിമോൾ ഉസ്മാൻ ആരോപിച്ചു.
ഹോട്ടലിലെ മുഴുവൻ മുറികളും പരിശോധിക്കണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടു. മുതിർന്ന സിപിഎം-കോൺഗ്രസ്-ബിജെപി നേതാക്കളും ഹോട്ടലിൽ എത്തിച്ചേർന്നിട്ടുണ്ട്.
എൽഡിഎഫിന്റെ പരാതിയിലാണ് പരിശോധന നടക്കുന്നത്. പാലക്കാട്ടെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ അനധികൃതമായി വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ എത്തിച്ചുവെന്നാണു എൽഡിഎഫ് പരാതി.