വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആരാകും എന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഫ്ലോറിഡ, ജോർജിയ, ഇല്ലിനോയ്, മിഷിഗൻ, സൗത്ത് കാരലൈന, പെൻസിൽവേനിയ തുടങ്ങി 25 സംസ്ഥാനങ്ങളിൽ പോളിംഗ് തുടങ്ങി.
ആദ്യഫല സൂചനകൾ ബുധനാഴ്ച രാവിലെ അഞ്ചരയോടെ പുറത്തുവരും. നിർണായക സംസ്ഥാനങ്ങളായ ജോർജിയ, നോർത്ത് കാരലൈന എന്നിവിടങ്ങളിൽ വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത വിധിയെഴുതുന്നത്.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും തമ്മിലാണ് മത്സരം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്നത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പെൻസിൽവേനിയ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാർഥികളുടെയും പ്രചാരണം നടന്നത്.
പെൻസിൽവേനിയ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഡോണൾഡ് ട്രംപും കമല ഹാരിസും. അഭിപ്രായ സർവേകളിൽ കമല ഹാരിസും ഡോണള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പമാണ്. തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകൾക്കെതിരെ യുഎസ് ഇന്റലിജൻസ് ഏജൻസികളും ജാഗ്രതയിലാണ്.
ഇന്ത്യൻ സമയം വൈകുന്നേരം 5.30ഓടെയാണ് വോട്ടിംഗ് ആരംഭിച്ചത്. ബുധനാഴ്ച രാവിലെ 5.30ഓടെ വോട്ടിംഗ് അവസാനിക്കും. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ആദ്യഫലസൂചനകൾ പുറത്തുവരും. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.