ബംഗളൂരു: കൊടകര കുഴൽപ്പണ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് കർണാടകയിലെ ബിജെപി എംപി ലഹർ സിംഗ്. കേരളാ പോലീസ് ഇഡിക്ക് അയച്ച കത്തിൽ തന്റെ പേര് എങ്ങനെ വന്നു എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്ക് കുഴൽപ്പണം വന്നത് ലഹർ സിംഗ് വഴിയാണെന്ന് പോലീസ് ഇഡിക്ക് നൽകിയ കത്തിൽ പറയുന്നു. എന്നാൽ തനിക്ക് ഇതിൽ ഒരു ബന്ധവുമില്ലെന്നും ലഹർ സിംഗ് പറഞ്ഞു. കേരളത്തിലെ പാർട്ടിയുമായി തനിക്ക് ഒരു ബന്ധവുമില്ല.
വി.മുരളീധരനെ ഒഴിച്ച് കേരളത്തിൽ നിന്നുള്ള മറ്റൊരു ബിജെപി നേതാവിനെയും തനിക്ക് അറിയില്ല. മുരളീധരനുമായി രാജ്യസഭയിൽ വച്ചുള്ള പരിചയമാണെന്നും കേരളത്തിൽ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷിക്കുന്ന പോലീസ് സംഘം തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും രാജ്യസഭാ എംപിയായ ലഹർ സിംഗ് പറഞ്ഞു.