കൊച്ചി: നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയെ പുറത്താക്കിയിരിക്കുന്നത്.
സംഘടനയ്ക്കെതിരെ സാന്ദ്ര ആരോപണങ്ങൾ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ അംഗങ്ങളെ താഴ്ത്തിക്കെട്ടിയെന്നും ഇവർ പറയുന്നു. സാന്ദ്രയ്ക്കെതിരെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസാണെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സംഘടന ആവശ്യപ്പെടുന്നു.
ഒരാഴ്ച മുമ്പ് ചേർന്ന സംഘടനയുടെ എക്സിക്യൂട്ടിവ് യോഗത്തിലാണ് സാന്ദ്ര തോമസിനെ പുറത്താക്കുന്നത്. ഈ നടപടി മാധ്യമങ്ങളെ അറിയിക്കാതെ സംഘടന മുന്നോട്ടുപോകുകയായിരുന്നു.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള സിനിമ മേഖലയിലുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഭിന്നത ഉടലെടുത്തിരുന്നു.
സംഘടനയ്ക്കെതിരെ സാന്ദ്ര തന്നെ രംഗത്തെത്തിയിരുന്നു. സിനിമാ നിർമാണ മേഖല സ്ത്രീ വിരുദ്ധമാണെന്നും സംഘടനയിൽ പവര്‍ ഗ്രൂപ്പ് ശക്തമാണെന്നുമായിരുന്നു സാന്ദ്രയുടെ ആരോപണം.
പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉൾപ്പെട്ട പത്തു നിർമാതാക്കൾക്കെതിരേ സാന്ദ്ര നൽകിയ പരാതിയിൽ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.
പ്രൊഡ്യുസേഴ്സ് അസോസിയേഷന് ഫിയോക്കിന് വേണ്ടി നിലനില്‍ക്കുന്ന സംഘടനായണെന്നും പ്രശ്നം പരിഹരിക്കാന്‍ വിളിച്ച യോഗത്തിൽ വച്ച് അപമാനിക്കപ്പെട്ടുവെന്നും സാന്ദ്ര പുറത്തുവിട്ട കത്തിൽ ആരോപിച്ചിരുന്നു.
നേരിട്ട അപമാനത്തിന്റെ മാനസികാഘാതത്തില്‍ നിന്ന് ഇപ്പോഴും പൂര്‍ണമായി മോചിതയായിട്ടില്ലെന്നും തനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ പല ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഉണ്ടായില്ലെന്നും പ്രസിഡന്റും സെക്രട്ടറിയും രാജി വയ്ക്കണമെന്നും അന്ന് സാന്ദ്ര ആവശ്യപ്പെട്ടിരുന്നു.