സീയൂൾ: യുഎൻ ഉപരോധങ്ങൾ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചു. ഉത്തരകൊറിയയുടെ കിഴക്കൻ തീരത്ത് നിന്ന് ദക്ഷിണ കൊറിയയുടെ കിഴക്കൻ കടലിലേക്കാണ് മിസൈൽ തൊടുത്തുവിട്ടത്. ടോക്കിയോയും വിക്ഷേപണം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസവും ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. ദൂരപരിധി ഏറ്റവും കൂടിയ മിസൈലാണ് തൊടുത്തുവിട്ടത്. കുത്തനെ മേലോട്ടു വിട്ട മിസൈൽ 86 മിനിറ്റുകൊണ്ട് 7,000 കിലോമീറ്റർ ഉയരത്തിലെത്തി. ചരിച്ചുവിട്ടാൽ ഈ മിസൈലിന് ഇതിന്റെ പലമടങ്ങു ദൂരം സഞ്ചരിക്കാനാകും.
ശത്രുവിനു നേർക്ക് ആയുധം പ്രയോഗിക്കാൻ മടിക്കില്ലെന്നു വ്യക്തമാക്കുന്നതാണു പരീക്ഷണമെന്ന് വിക്ഷേപണത്തിന് പിന്നാലെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ പറഞ്ഞു. യുഎൻ രക്ഷാസമിതി പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണു പരീക്ഷണമെന്ന് യുഎസ് പ്രതികരിച്ചു.