തിരുവനന്തപുരം: മുനമ്പം ഭൂമിതർക്കം പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഒരു മുസ്ലീം മതസംഘടനയും മുനന്പത്തേതു വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ നിലവിലെ താമസക്കാർക്ക് ഉപാധികളില്ലാതെ ഭൂമി നൽകണം. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുനമ്പത്തെ ഭൂമിയുടെ കഴിഞ്ഞ കാലങ്ങളിലെ ക്രയവിക്രയങ്ങൾ പരിശോധിച്ചാൽ ആ ഭൂമി വഖഫിന്റെ പരിധിയിൽ പെടുന്നതല്ലെന്നു മനസിലാവും.
മുനന്പം വിഷയം വർഗീയ ശക്തികൾ മുതലെടുപ്പിനുള്ള അവസരമാക്കുന്നതു കൂടി മനസിലാക്കണം. ഈ വിഷയത്തിന്റെ പേരിൽ കേരളത്തിൽ വർഗീയ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിക്കുന്നത് തടയണം. പത്തു മിനിറ്റുകൊണ്ട് പരിഹരിക്കാൻ കഴിയുന്ന വിഷയമാണിതെന്നും സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.