തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിന് സമ്മാനിക്കാനിരുന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ തത്കാലം നൽകേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. അജിത് കുമാർ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.
സ്വർണക്കടത്ത് അടക്കം വിവിധ ആരോപണങ്ങളിൽ പോലീസ് മേധാവിയുടെയും വിജിലൻസ്, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് മേധാവികളുടെയും അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് എഡിജിപി അജിത്കുമാറിന്റെ മെഡൽ തടഞ്ഞത്. ഇദ്ദേഹത്തിനുള്ള മെഡൽ പിന്നീട് വിതരണം ചെയ്യും.
പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ മെഡലുകൾ വിതരണം ചെയ്യും. മികച്ച സേവനത്തിന് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുള്‍പ്പടെ 267 പേര്‍ക്കാണ് ഇത്തവണ പോലീസ് മെഡലുള്ളത്.
എഡിജിപി എം.ആര്.അജിത് കുമാറിനെ കൂടാതെ സൈബര്‍ ഡിവിഷന് എസ്പി ഹരിശങ്കറുമായിരുന്നു പോലീസ് മെഡലിന് അര്‍ഹനായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥര്‍. സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ എഡിജിപിവരെയുള്ളവരെയാണ് പോലീസ് മെഡലിനായി പരിഗണിക്കുന്നത്.