ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്ജുന് ഉള്‍പ്പെടെ മൂന്നു പേരെ കാണാതായ ഗംഗാവാലി നദിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം തിരച്ചില്‍ തുടരുന്നതിനുള്ള നടപടികള്‍ പുനരാരംഭിക്കും.
ഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ വേണ്ടി വരും. അതിനുശേഷം പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിർദേശം കൂടി കണക്കിലെടുത്താണു ജില്ലാ ഭരണകൂടം തുടർനടപടി നിശ്ചയിക്കുക. നദിയിൽ രൂപപ്പെട്ട കൂറ്റൻ മണൽത്തിട്ടകൾ ഡ്രഡ്ജിംഗ് യന്ത്രം ഉപയോഗിച്ച് ഉടച്ചുനീക്കുന്ന പ്രവൃത്തിയാണ് ആദ്യം നടക്കുക. ഇത് പൂർത്തിയാക്കാൻ ഏഴു ദിവസമെങ്കിലും ആവശ്യമാണ്.
നാവികസേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിടത്താകും ആദ്യഘട്ടം മണ്ണ് നീക്കുക. ലോറിയുടെ മുകളിൽ പതിച്ച മുഴുവന്‍ മണ്ണും പാറക്കല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യും. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ളവയും നീക്കും.