മലപ്പുറം: മുത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ സരോജിനി(നീലി) ആണ് മരിച്ചത്.
രാവിലെ പതിനൊന്നോടെ ആടിനെ മേയ്ക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വനമേഖലയുമായി ചേര്‍ന്ന് നില്ക്കുന്ന പ്രദേശമാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് സരോജിനി. ജനുവരി നാലിനാണ് കരുളായി പൂച്ചപ്പാറ സ്വദേശി മണി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.