തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഡിജിപിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചു. അന്വേഷണ സംഘത്തെ വെള്ളിയാഴ്ച തീരുമാനിക്കും.
അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക. സസ്പെന്‍ഷനില്‍ തുടരുന്ന മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും.
അതിനിടെ എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരേ സിപിഐ രംഗത്തെത്തിയിരുന്നു. മുന്നണി ഘടകകക്ഷികൾ ഒറ്റക്കെട്ടായി പറഞ്ഞിട്ടും എഡിജിപിയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നതിലാണ് സിപിഐക്ക് എതിർപ്പ്.
സിപിഐ മുഖപത്രത്തിലെ പ്രകാശ് ബാബുവിന്റെ ലേഖനത്തിലാണ് വിമർശനം പരസ്യാമാക്കിയത്. ഇത്രയധികം ആരോപണങ്ങൾ ഉയര്‍ന്നിട്ടും ക്രമസമാധാന ചുമതലയിൽ തുടരുന്നുവെന്ന് മാത്രമല്ല, ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച എന്തിനെന്ന കാര്യത്തിൽ അന്വേഷണം പോലും നിര്‍ദേശിച്ചിട്ടില്ലെന്ന് സിപിഐ വിമർശിച്ചു.