ബംഗളൂരു: ഷിരൂരിൽ തെരച്ചിലിനുള്ള ഡ്രെഡ്ജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കാലാവസ്ഥ പ്രതികൂലമായതിനാലാണ് ഡ്രെഡ്ജർ എത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നത്.
ഇന്ന് ഉച്ചയോടെയോ വൈകിട്ടോടെയോ മാത്രമേ ബോട്ട് കാർവാർ തീരത്ത് എത്തിക്കാൻ കഴിയൂ. കടലിൽ കാറ്റ് ശക്തമായതിനാൽ പതുക്കെ മാത്രമേ ടഗ് ബോട്ടിന് സഞ്ചരിക്കാൻ കഴിയുന്നുള്ളൂ.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡ്രെഡ്ജർ കഴിഞ്ഞ ദിവസം യാത്ര നിർത്തിവച്ചിരുന്നു. ഗോവയിലെ മർമ തുറമുഖത്തു നിന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് ഡ്രെഡ്ജർ ഷിരൂരിലേക്ക് പുറപ്പെട്ടത്. കർണാടക സർക്കാർ ആണ് ഡ്രെഡ്ജറിന്റെ ചെലവ് വഹിക്കുക.