ബെയ്റൂട്ട്: ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങൾ ഒരേസമയം പൊട്ടിത്തെറിച്ചു. ലെബനോനിൽ ഉടനീളമുണ്ടായ പേജർ സ്ഫോടനങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലെബനനിലെ തങ്ങളുടെ അംബാസഡർ മൊജ്തബ അമാനിക്കും പരുക്കേറ്റതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ലെബനനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സ്ഫോടനം നടന്നത്.
യുഎസും യുറോപ്യൻ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായ ഹിസ്ബുല്ലക്ക് ഇറാന്റെ പിന്തുണയുണ്ട്. 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രായേലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെ ഹിസ്ബുല്ല പിന്തുണയ്ക്കുന്നുണ്ട്.
ഇസ്രായേലും ഹിസ്ബുല്ലയുമായുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ലെബാനോനെ നടുക്കിയ പേജാർ സ്ഫോടനങ്ങൾ നടന്നത്. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമായതിനാലാണ് ഹിസ്ബുല്ല സംഘങ്ങൾ ആശയവിനിമയത്തിന് ഇപ്പോഴും പഴയകാല പേജർ യന്ത്രങ്ങൾ ഉപയോഗിക്കുന്നത്.
ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഒരേ സമയത്ത് പൊട്ടിത്തെറിച്ചത്. മരിച്ചവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുല്ല നേതാക്കളും ഉണ്ടെന്നാണ് സൂചന.