ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. കേജരിവാളിന്റെ വസതിയിൽ വച്ച് നടന്ന ആംആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ കേജരിവാൾ തന്നെയാണ് അതിഷിയുടെ പേര് മുന്നോട്ട് വച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
നിലവില്‍ വിദ്യാഭ്യാസവും, പൊതുമരാമത്തും അടക്കമുള്ള 14 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. കേജരിവാളും മനീഷ് സിസോദിയയും ജയിലിൽ കഴിഞ്ഞപ്പോൾ പാർട്ടിയെ മുന്നിൽ നിന്നു നയിച്ചത് അതിഷിയാണ്.
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും പിന്നാലെയാണ് അതിഷി ഈ പദവിലെത്തുന്നത്.
അരവിന്ദ് കേജരിവാള്‍ രാജി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയതിനു പിന്നാലെയാണ് കേജരിവാൾ രാജി പ്രഖ്യാപിച്ചത്. രണ്ടുദിവസം കഴിഞ്ഞാല്‍ താന്‍ മുഖ്യമന്ത്രി പദം രാജിവയ്ക്കുമെന്നും ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ആ കസേരയില്‍ ഇരിക്കില്ലെന്നും കേജരിവാൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കേജരിവാൾ പറഞ്ഞിരുന്നു.