കൊച്ചി: വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഇത് കേന്ദ്ര സര്‍ക്കാരിന് കൊടുത്ത മെമ്മോറാണ്ടമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്ടിആര്എഫിന്റെ ചട്ടവുമായി ഒരു ബന്ധവുമില്ലാത്ത മെമ്മോറാണ്ടമാണിതെന്ന് സതീശൻ പ്രതികരിച്ചു.
മെമ്മോറാണ്ടം തയാറാക്കിയതില്‍ വലിയ അപാകയുണ്ട്. സാമാന്യ യുക്തിക്ക് നിരക്കാത്ത കണക്കുകയാണ് ഇത്. മൃതദേഹം സംസ്കരിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണ്.
സന്നദ്ധപ്രവര്‍ത്തകരാണ് പല കാര്യങ്ങളും ചെയ്തത്. എന്നിട്ടും ഒരു മൃതദേഹം സംസ്കരിക്കാന്‍ സര്‍ക്കാരിന് 75000 രൂപ ചെലവായെന്നാണ് പറയുന്നത്.
പ്രധാനമന്ത്രി വന്നുപോയിട്ടും കേന്ദ്രം പണം നല്‍കുന്നില്ല. ശ്രദ്ധയോടെ മെമ്മോറാണ്ടം തയാറാക്കിയിരുന്നെങ്കില്‍ കേന്ദ്രത്തിന്റെ പക്കല്‍നിന്ന് ന്യായമായ തുക വാങ്ങിച്ചെടുക്കാമായിരുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണം. കേന്ദ്ര സഹായം കിട്ടാതിരിക്കരുതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.