മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി.
പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല. വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും നിർദേശമുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണമുണ്ട്. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളിലാണ് നിയന്ത്രണം.
തിരുവാലിയിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾ രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് വരെ മാത്രമേ പ്രവർത്തിക്കാവൂ.
സിനിമാ തിയറ്ററുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടണം. പച്ചക്കറിയും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കിയ ശേഷമേ കഴിക്കാവൂ എന്നും നിർദേശമുണ്ട്.
ഇവിടെ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസുകാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം ഒൻപതിനാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് മരിച്ചത്.