മലപ്പുറം: നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബംഗളൂരുവിൽ നിന്നെത്തിയ വിദ്യാർഥിയായ 23 കാരൻ പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ മരിച്ചത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്.
വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ സാമ്പിള്‍ ഫലം പോസിറ്റീവാകുകയായിരുന്നു. തുടര്‍ന്ന് സ്ഥിരീകരണത്തിനായി പുന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്.
അതേസമയം, പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ചർച്ച ചെയ്യാൻ തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു.