തിരുവനന്തപുരം: എൽഡിഎഫ് യോഗം പ്രധാനമായും ആലോചിച്ചത് മുന്നണിയെ ശക്തിപ്പെടുത്തുന്നതിനുള്ള സംഘടനാപരമായ പ്രവർത്തനത്തെക്കുറിച്ചാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. വയനാട് പാർലമെന്റ് മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര അസംബ്ലി മണ്ഡലത്തിലേക്കും നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളുടെ പ്രാധമിക ആലോചനയും യോഗത്തിൽ നടത്തി.
കേരളം ശ്രദ്ധിക്കപ്പെടുന്ന പ്രധാനപ്പെട്ട പ്രശ്നം വയനാട് പുനരധിവാസമാണ്. എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനത്തിൽ മുന്നണി സംതൃപ്തി അറിയിച്ചിട്ടുണ്ട്.
സംസ്ഥാന ഗവൺമെന്റ് മാതൃകാപരമായ നടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. കേന്ദ്രത്തിന്റ നിലപാട് ജനങ്ങളുടെ ജീവിതത്തെ കൂടുതൽ സങ്കീർണമാക്കുകയാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണം.
കേരളത്തിൽ കേന്ദ്രം സാമ്പത്തിക ഉപരോധം നടപ്പാക്കി. ഈ സാഹചര്യത്തിലും ജനങ്ങളെ സഹായിക്കാൻ കേരള സർക്കാരിന് സാധിച്ചു. സപ്ലൈക്കോയിൽ സാധനങ്ങൾ ഇല്ലെന്ന സാഹചര്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.
അജിത് കുമാറിന്റെ വിഷയത്തിലെ മുന്നണിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. എഡിജിപി ആർഎസ്എസുമായി ചർച്ച നടത്തിയങ്കിൽ അത് എന്താണ് ചർച്ച നടത്തിയത് എന്നാണ് പ്രധാനമായും പരിശോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പരാതികൾ സമഗ്രമായ പരിശോധനകൾക്ക് വിധേയമാക്കി തീരുമാനിക്കേണ്ടതാണ്. അങ്ങനെയുള്ള നടപടിക്രമങ്ങൾ ആഭ്യന്തര വകുപ്പിൽ ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വരുന്ന മുറയ്ക്ക് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് സംരക്ഷിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഈ നിലപാടിനെ മുന്നണി പിന്തുണയ്ക്കുന്നുണ്ട്.
സർക്കാർ ഉചിതമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ടെന്നാണ് മുന്നണിയുടെ ധാരണ. കേരളത്തിൽ സിപിഎമ്മോ ഇടതുപക്ഷമോ ആർഎസ്എസുമായി ഒരു നീക്കവും ഉണ്ടാക്കില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു.
ഒരു ആരോപണമുണ്ടായാൽ അത് പരിശോധിക്കണം. ഇത് തെളിഞ്ഞാൽ കടുത്ത ശിക്ഷ നൽകണമെന്ന നിലപാടിൽനിന്ന് പാർട്ടിയും മുന്നണിയും പിൻമാറില്ല. തൽക്കാലം കാത്തിരിക്കണം. സർക്കാരിന്റെ നിലപാടിൽ മുന്നണിയ്ക്ക് അതൃപ്തിയില്ല. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിലല്ല പ്രശ്നം. എന്തിന് കണ്ടു എന്നതാണ് പ്രശ്നം എന്നും രാമകൃഷ്ണൻ വ്യക്തമാക്കി.
സ്പീക്കർ സ്വതന്ത്ര പദവിയാണ്. എന്തു പറയണം, എന്ത് പറയേണ്ട എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ഫോൺ ചോർത്താൽ ആര് ചെയ്താലും തെറ്റാണ്. അൻവർ ഉന്നയിച്ച എല്ലാ പ്രശ്നവും അന്വേഷിക്കും. അൻവർ നേരെത്തെ നൽകിയ പരാതിയിൽ ശശി ഇല്ല. എല്ലാ ദിവസവും ആരോപണം ഉന്നയിക്കൽ ആണോ. അത് നല്ല ലക്ഷണം അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.